ചരിത്ര പ്രസിദ്ധവും മതസൗഹാർദത്തിന്റെ പ്രതീകവുമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. പതിനായിരക്ക ണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എരുമേലിയിൽ എത്തും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾക്ക് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഇരുനൂറ് പേരടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലും ഉച്ചയ്ക്ക് ശേഷം 250 പേരടങ്ങുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലും നടക്കും.മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തർ എരുമേലിയിൽ പേട്ടതുള്ളുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. നൈനാർ മസ്ജിദിൽ പ്രവേശിച്ച് വാവരുടെ പ്രതിനിധിയെയും കണ്ടാണ് പേട്ട തുള്ളുന്നത്. അമ്പലപ്പുഴ സംഘത്തിന് കൃഷ്ണപരുന്തിന്റെ സാന്നിധ്യവും ആലങ്ങാട് സംഘത്തിന് വെളളിനക്ഷത്രവും പേട്ടതുളളലിന് അനുമതിയായി ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം. വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട് സംഘം മസ്ജിദിൽ കയറാതെ പള്ളിയെ വണങ്ങി ആദരവർപ്പിക്കും.