പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകര്‍ന്ന് പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും ഷട്ടര്‍ പുനസ്ഥാപിക്കുന്ന പണികള്‍ തുടങ്ങാനായില്ല. ഡാമിലെ ജലനിരപ്പ് ഇനിയും നാല് അടിയിലധികം കുറഞ്ഞാല്‍ മാത്രമേ പണികള്‍ തുടങ്ങാനാകൂ എന്നാണ് തമിഴ്നാടിന്റെ നിലപാട്. സെക്കന്‍ഡില്‍ രണ്ടായിരം ഘന അടി ജലമാണ് തകര്‍ന്ന ഷട്ടര്‍ കവാടം വഴി പുറത്തേക്ക് ഒഴുകുന്നത്.ഡാമിലെ ജലനിരപ്പ് ഇരുപത്തി ഏഴടി കുറഞ്ഞാല്‍ മാത്രമാണ് ഷട്ടറിന്റെ താഴ്ചയിലേക്ക് വെള്ളത്തിന്റെ അളവെത്തുക. ഷട്ടര്‍ തകര്‍ന്ന് മാറിയ ശേഷം ഇരുപത്തി മൂന്നടിയിലധികം ജലമാണ് ഇതുവരെ പുഴയിലേക്ക് ഒഴുകിപ്പോയിട്ടുള്ളത്. നാലടിയിലധികം ജലം കുറയാന്‍ രണ്ട് ദിവസത്തിലധികം വേണ്ടി വരുമെന്നാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജലമൊഴുക്കിന്റെ വേഗത കുറഞ്ഞെങ്കിലും തകര്‍ന്ന ഷട്ടര്‍ ഭാഗത്ത് കൂടിയുള്ള നീരൊഴുക്ക് നിയന്ത്രണവിധേയമായിട്ടില്ല. സെക്കന്‍ഡില്‍ രണ്ടായിരം ഘന അടി ജലം ഇപ്പോഴും പുറത്തേക്ക് ഒഴുകുന്നുണ്ടെന്നാണ് കണക്ക്. തകർന്ന നടുവിലെ ഷട്ടറിന്റെ ചങ്ങല നീക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ തമിഴ്നാട് പറമ്പിക്കുളത്തു നടത്തുന്നുണ്ട്. ഇതു കൂടാതെ തിരുച്ചിറാപ്പള്ളിയിൽ പുതിയ ഷട്ടറിന്റെ നിർമാണവും വേഗതയില്‍ പുരോഗമിക്കുന്നുണ്ട്. ഒക്ടോബർ ഇരുപത്തി അഞ്ചിനകം പുതിയ ഷട്ടർ സ്ഥാപിക്കാനാണു തമിഴ്നാട് ശ്രമം നടത്തുന്നത്.