കൊല്ലം ചാത്തന്നൂരിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് മദ്യകുപ്പികൾ ലഭിച്ചതിൽ എക്സൈസ് അന്വേഷണം ശക്തമാക്കി. ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന 148 കുപ്പി വ്യാജമദ്യമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഒന്നരവർഷം പഴക്കമുള്ള വ്യാജമദ്യം ആണെന്നാണ് വിവരം. ചാത്തന്നൂർ തേമ്പ്ര ഭാഗത്ത് മീൻ പിടിക്കാനിറങ്ങിയ യുവാക്കൾക്കാണ് കഴിഞ്ഞ ദിവസം മീനിന് പകരം മദ്യക്കുപ്പികൾ ലഭിച്ചത്. മൂന്ന് ചാക്കുകളിലായി 148 മദ്യകുപ്പികൾ ചെളിക്കുഴിയിൽ താഴ്ത്തി വെച്ചിരിക്കുകയായിരുന്നു.ചാത്തന്നൂർ എക്സൈസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. സ്പിരിറ്റിൽ കളർ ചേർത്ത വ്യാജ മദ്യമാണ് കണ്ടെത്തിയത്. ലോക്ക് ഡൗൺ കാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച വ്യാജ മദ്യം ആകാമെന്നാണ് പ്രാഥമിക നിഗമനം.