കോട്ടയം മോനിപ്പള്ളിയിൽ പോത്ത് ഫാം നടത്തിയിരുന്ന യുവാവിനെ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടി. മോനിപ്പള്ളിയിലെ എആർജെ ഫാം ഉടമയായ കോട്ടയം തിരുവഞ്ചൂർ കായത്തിൽ വീട്ടിൽ ജിതിൻ കെ പ്രകാശിനെ (30) ആണ് 20ഗ്രാം മാരക മയക്കുമരുന്നുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി എക്‌സൈസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ജില്ലയിലെ എംഡിഎംഎ വിതരണത്തിന്‍റെ പ്രധാന ഇടനിലക്കാരനാണ് ജിതിനെന്ന് എക്‌സൈസ് സംഘം പറഞ്ഞു.രണ്ടാഴ്ചയായി എക്സൈസ് സംഘം മഫ്തിയിലും എക്സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ പോത്തിനെ വാങ്ങാനെന്ന വ്യാജേന ഫാമിലെത്തുകയും തന്ത്രപൂർവം ജിതിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. പ്രതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിലായും പോത്ത്ഫാമിലെ റൂമിൽ നിന്നും, ഇയാളുടെ ഹ്യുണ്ടായ് വെർണ കാറിൽ നിന്നുമായി വിപണിയിൽ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എംഡിഎംഎഎയ്ക്ക് അടിമയായ പ്രതി ഒരു വർഷത്തിലേറെയായി ആഡംബര ജീവിതം നയിക്കാനാണ് വില്പന നടത്തിവന്നത്.രാത്രി വൈകിയും പോത്ത്ഫാമിൽ ബൈക്കുകളിൽ യുവാക്കൾ എത്തി അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായി സമീപവാസികൾ പറയുന്നു. എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർകോട്ടിക് സ്‌പെഷൽ ഡ്രൈവിന്‍റെ ഭാഗമായി കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് സി ഐ രാജേഷ് ജോണിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ പിടികൂടിയത്. ടീമിൽ പ്രിവന്റീവ് ഓഫീസർ പി. ലെനിൻ, എം.നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, കെ.ആർ അനീഷ് രാജ്, പി.ആർ രതീഷ്, വി.ജി സന്തോഷ് കുമാർ, ലാലു തങ്കച്ചൻ, കെ.എസ് നിമേഷ്, ജോസഫ് തോമസ് എന്നിവർ ഉണ്ടായിരുന്നു.