നടന്‍ ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങൾ ഇല്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്‍. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലർച്ചെ ആണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് അറിയിച്ചതിന് പിന്നാലെ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്നനിലയില്‍ ആശയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. സിനിമകളിലൂടെയും വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഉല്ലാസ് പന്തളം.