സംസ്ഥാനത്ത് കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്ന് കണ്ടെത്തല്‍. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് കൂടുതല്‍ പേരും എത്തുന്നത്. പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ഭൂരിപക്ഷം പേരും ആദ്യമായി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതെന്നും എക്സൈസ് വകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗൺസിലിങ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസിൽ താഴെയുള്ളവരാണ്.ലഹരി ഉപയോഗങ്ങളിൽ 82 ശതമാനം പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർത്ഥം കഞ്ചാവാണ്. 75.66 ശതമാനം പുകവലിയും 64.66 ശതമാനം മദ്യവും 25.5 ശതമാനം ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78 ശതമാനം പേർ. സ്വാധീനം മൂലം 72 ശതമാനവും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ 51.5 ശതമാനം പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.
ലഹരി വ്യാപനം തടയാന്‍ കൂടുതല്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആവശ്യമാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.