രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് വ്യോമയാന കമ്പനികൾ കുത്തനെ കൂട്ടി. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളം ഉയര്‍ന്നു. ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചു. ആഗസ്റ്റ് മാസത്തിലെ ടിക്കറ്റ് നിരക്കും ഇപ്പോൾ തന്നെ ഉയർന്നു. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികൾ പ്രവാസികളില്‍ നിന്നും കൊള്ളലാഭം കൊയ്യുന്നത്. അയ്യായിരം രൂപ മുതല്‍ തുടങ്ങുന്ന ദുബായിലേക്കുള്ള നിരക്കുകൾ ജൂൺ മാസം നാല്‍പതിനായിരം രൂപ വരെയായി ഉയർത്തി. അവധി കഴിഞ്ഞ് പ്രവാസികൾ തിരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നത് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ കമ്പനികൾ ഇതിനോടകം തന്നെ നിരക്ക് കൂട്ടി തുടങ്ങി. പതിവില്‍നിന്നും വ്യത്യസ്തമായി ആഭ്യന്തര യാത്രാ നിരക്കുകളും കൂടിയിട്ടുണ്ട്. വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് കാര്യമായി ഉയരാന്‍ കാരണമായി കമ്പനികൾ പറയുന്നത്. ജൂൺ രണ്ടാം വാരം 16 ശതമാനം വരെ വിലകൂടി പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ വിമാന ഇന്ധനത്തിന്.