Malayalam news

കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. 

Published

on

തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍  ലിബിൻ ജോണിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. കുബേര കേസിലെ പ്രതിയിൽ നിന്നും ഒരു ലക്ഷം രൂപയും ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.തൊടുപുഴ സ്വദേശിയുടെ വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കുന്നതിന് വേണ്ടിയാണ്  ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ റെയ്ഡിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് ഫോറസ്റ്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ലഘൂകരിച്ച് നൽകാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടു.മദ്യം മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സിൽ എത്തിച്ചു നൽകിയപ്പോൾ ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. കൈക്കൂലി തുക കുറച്ചു നൽകാമോ എന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് റേഞ്ച് ഓഫീസർ നിർബന്ധം പിടിച്ചു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം റേഞ്ച് ഓഫീസറെ അറസ്റ്റ് ചെയ്തത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ആണ് ലിബിനെ കുടുക്കിയത്. റേഞ്ച് ഓഫീസറെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Trending

Exit mobile version