Kerala

മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് ഇന്ന് പന്ത്രണ്ട് വയസ്സ്

Published

on

അറുപതുകളുടെ അവസാനത്തില്‍ സമ്പൂര്‍ണ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതില്‍ കരുണാകരനോളം പങ്ക് വഹിച്ച മറ്റൊരു നേതാവില്ല. ഇന്ദിരാ ഗാന്ധിയുടെ കരുത്തില്‍ ദേശീയതലത്തില്‍ കിംഗ് മേക്കറായി വരെ വളര്‍ന്ന നേതാവാണ് കെ. കരുണാകന്‍. സംഭവബഹുലമായ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ട മലയാളികളുടെ ഒരേ ഒരു ലീഡറാണ് കെ. കരുണാകരന്‍. നെഹ്‌റുകുടുംബത്തിലെ മൂന്ന് തലമുറയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ തലയുയര്‍ത്തിനിന്ന നേതാവ്, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കിയ ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖന്‍, ചടുലമായ രാഷ്ട്രീയനീക്കങ്ങളിലൂടെ എതിരാളികളെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യന്‍. കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന കെ. കരുണാകരന്‍ കേരള രാഷ്ട്രീയചരിത്രത്തില്‍ തന്റേതായി എഴുതിച്ചേര്‍ത്ത വിശേഷണങ്ങള്‍ ഏറെയാണ്.1918 ല്‍ കണ്ണൂരിലെ ചിറയ്ക്കലില്‍ ജനിച്ച കെ. കരുണാകരന്‍ ചിത്രമെഴുത്ത് പഠിക്കാനാണ് തൃശൂരിലെത്തിയത്. പിന്നീടിവിടം കര്‍മഭൂമിയായി. മൂന്ന് പതിറ്റാണ്ടുകാലം തുടര്‍ച്ചയായി നിയമസഭയിലെത്തിയത് മാള എന്ന ഒറ്റ മണ്ഡലത്തില്‍ നിന്നാണ്.കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രയോക്താവായിരുന്ന കെ. കരുണാകരന്‍, ഒടുക്കം കോണ്‍ഗ്രസ് വിട്ട് ഡിഐസി എന്ന പാര്‍ട്ടിയുണ്ടാക്കുന്നതിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചു. ജീവശ്വാസമായിരുന്ന കോണ്‍ഗ്രസിനൊപ്പം തന്നെ അന്ത്യശ്വാസവും വേണമെന്ന തീര്‍പ്പില്‍ അധികം വൈകാതെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതും കേരളം കണ്ടു. ആഗ്രഹം പോലെ 2010 ഡിസംബര്‍ 24 ന്റെ തണുപ്പുള്ള സായാഹ്നത്തില്‍ കെ കരുണാകന്‍, കോണ്‍ഗ്രസുകാരനായി തന്നെ ചരിത്രത്തിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version