പാലക്കാട് വടവന്നൂര്‍ സ്വദേശികളായ സുരേഷ്, വിജയകുമാര്‍, നന്ദിയോട് സ്വദേശി റോബിന്‍, വണ്ടിത്താവളം സ്വദേശി പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഭാനഗറിലെ എം എം അന്‍സാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യ ഷെഫീനയെ കെട്ടിയിട്ട് 57 പവന്റെ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് കവര്‍ന്നത്.കഴിഞ്ഞ 13ന് രാവിലെ 11 മണിയോടെയാണ് സംഭവം. ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നാണെന്ന് പറഞ്ഞ് മൂന്ന് പേര്‍ പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ അന്‍സാരിയുടെ വീട്ടിലെത്തുകയായിരുന്നു. വെളളം ആവശ്യപ്പെട്ട സംഘം വീടിനകത്തേക്ക് കയറി ഷെഫീനയെ ആക്രമിക്കുകയായിരുന്നു. ഷെഫീനയെ കെട്ടിയിട്ട ശേഷം സംഘം വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. മുഖം മറച്ചെത്തിയ സംഘം ഓട്ടോയിലാണ് വീട്ടിലെത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണ്ണം കോയമ്പത്തൂരില്‍ വിറ്റതായി സംഘം അന്വേഷണസംഘത്തോട് സമ്മതിച്ചു. ഇനിയും നാല് പ്രതികള്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കസബ ഇന്‍സ്പെക്ടര്‍ രാജീവ് എന്‍എസ് അറിയിച്ചു.