Malayalam news

എടിഎം മെഷീനിൽ കൃത്രിമം കാണിച്ച് തട്ടിപ്പ് ;മൂന്ന് ഉത്തര്‍പ്രദേശുകാര്‍ പിടിയിൽ

Published

on

എടിഎം മെഷീനിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന മൂന്ന് ഉത്തര്‍പ്രദേശുകാര്‍ പാലക്കാട് മണ്ണാര്‍ക്കാട് അറസ്റ്റില്‍. കാൺപൂർ സ്വദേശികളായ പ്രവീൺകുമാർ , ദിനേശ് കുമാർ സന്ദീപ് എന്നിവരാണ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളില്‍ സംഘം സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.നാട്ടുകാരായ സുഹൃത്തുക്കളിൽ നിന്നും പണം നല്‍കി എടിഎം കാര്‍ഡ് സ്വന്തമാക്കും. കേരളത്തിലെ എടിഎം കൗണ്ടറുകളിലെത്തി കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കും. മെഷീനില്‍ നിന്നും പണം പുറത്തുവരുന്ന സമയം ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തി പണമെടുക്കുന്നതാണ് രീതി. ബട്ടണ്‍ അമര്‍ത്തുന്നതോടെ ഇടപാട് റദ്ദായെന്ന് സന്ദേശം വരും. എന്നാല്‍ പണം ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും. തുടര്‍ന്ന് അതത് ബാങ്കുകളിലെത്തി പണം ലഭിച്ചിട്ടില്ലെന്ന് പരാതി നല്‍കും. ഇടപാട് റദ്ദായെന്ന് കാണുന്നതോടെ ബാങ്കില്‍ നിന്നും അക്കൗണ്ടിലേക്ക് പണം ലഭിക്കും. ഇന്ത്യയിലുടനീളം എടിഎം സെന്ററുകള്‍ നടത്തുന്ന സ്വകാര്യ കമ്പനികളെയാണ് തട്ടിപ്പിനായി തെരഞ്ഞെടുക്കുന്നത്.ഈ സാഹചര്യത്തില്‍ ഏജന്‍സിക്കാണ് പണം നഷ്ടപ്പെടുന്നത്. അക്കൗണ്ട് പരിശോധിക്കുമ്പോള്‍ മാത്രമാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തറിയൂ എന്നതാണ് തട്ടിപ്പുകാര്‍ക്ക് സഹായമാകുന്നത്. മണ്ണാർക്കാട് കോടതിപ്പടിയിലെ എടിഎം കൗണ്ടറിലെത്തി സമാന തട്ടിപ്പ് നടത്താന്‍ മൂവരും ശ്രമിച്ചു. സംശയം തോന്നിയ സുരക്ഷാ ജീവനക്കാരനാണ് പൊലീസിനെ അറിയിച്ചത്. മണ്ണാര്‍ക്കാട് പൊലീസിന്റെ പരിശോധനയില്‍ തട്ടിപ്പ് തെളിഞ്ഞു
.മണ്ണാര്‍ക്കാട് മാത്രം രണ്ടിടങ്ങളില്‍ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. കൂടുതല്‍ ഇടങ്ങളില്‍ സംഘം സമാന കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം വിപുലമായി അന്വേഷിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version