Local

സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകാനൊരുങ്ങി നടത്തറ ഗ്രാമപഞ്ചായത്ത്.

Published

on

ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് നടത്തറയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിക്കുന്നതിന്‍റെ തുടക്കമെന്ന നിലയില്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപന ഉടമകളും കച്ചവടക്കാരുമായി യോഗം വിളിച്ച് പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി നിര്‍ത്താന്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നിര്‍ദേശം നല്‍കി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെ വീടുകളിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി നോട്ടീസ് നല്‍കി. ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനും ബോധവത്കരണ പരിപാടികള്‍ക്കും നടത്തറ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിന് കീഴിലുള്ള 17 വാര്‍ഡുകളിലാണ് പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. പഞ്ചായത്തിന് കീഴിലുള്ള ഓരോ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച്‌ വെക്കുന്നതിന് പൊതുവായി ഒരു പ്ലാസ്റ്റിക് ഷെഡും നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലും കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും രണ്ട് ഹരിത കര്‍മ്മ സേനയെയാണ് പ്ലാസ്റ്റിക് ശേഖരണത്തിനായി നിയമിച്ചിരിക്കുന്നത്. മാസത്തില്‍ ഒരു പ്രാവശ്യമാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‍റെ ഭാഗമായി വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ബ്ലോക്ക് തലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്ക് കൈമാറും. നടത്തറ ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്‍റെ ഭാഗമായി 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പരിസരത്തെ വ്യാപാരികള്‍ക്കും മറ്റും നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് ഇവയുടെ ഉപയോഗവും വില്‍പനയും പഞ്ചായത്തുതലത്തില്‍ പൂര്‍ണമായി നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് പറഞ്ഞു. വീടുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും കൊണ്ടുപോകുന്നതിനും തുണിസഞ്ചികള്‍, പ്രകൃതിസൗഹൃദ വസ്തുക്കള്‍ എന്നിവ ശീലമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതും വലിച്ചെറിയുന്നതും കത്തിക്കുന്നതും മണ്ണും, വായുവും ജലവും മലിനമാക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്തുതലത്തില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ക്കും വീട്ടുകാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version