കോട്ടയം ഏറ്റുമാനൂർ ഉഷശ്രീ പി.എസ്. രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലുള്ള ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് എന്ന ആന ചെരിഞ്ഞു. 55 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിനു തിടമ്പേറ്റിയിരുന്നത് ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദായിരുന്നു.45 ദിവസത്തോളം എരണ്ടക്കെട്ടിന് ചികിത്സയിലായിരുന്ന ആന കഴിഞ്ഞ ദിവസം രാത്രി 10.45നായിരുന്നു ചെരിഞ്ഞത്. തൃശ്ശൂർ പൂരം, തിരുനക്കര പകൽപൂരം, ഇത്തിത്താനം ഗജമേള എന്നിവയിൽ ദുർഗാപ്രസാദ് പങ്കെടുക്കാറുണ്ട്. വനംവകുപ്പ് അധികൃതരെത്തി പരിശോധനകൾക്കു ശേഷം സംസ്കരിക്കും.