രണ്ട് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇനി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍. 2014ല്‍ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനി ജേതാക്കളായപ്പോള്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മെസ്സിക്കായിരുന്നു. ഖത്തര്‍ ലോകകപ്പിലും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മെസ്സി ഒരു അപൂര്‍വ നേട്ടത്തിന് കൂടി ഉടമയായത്. ഖത്തര്‍ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് സൂചന നല്‍കിയ മെസ്സി ലോക കിരീടവും ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും നേടിയാണ് ഖത്തറില്‍നിന്ന് വിടപറയുന്നത്. ലയണല്‍ മെസ്സിയുടെ ചിറകിലേറിയാണ് ഖത്തറിന്റെ മണ്ണില്‍ അര്‍ജന്റീന ലോക ജേതാക്കളായത്. സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ മെസ്സി ഗോള്‍വേട്ടക്ക് തുടക്കമിട്ടിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീനക്ക് മുന്‍തൂക്കം നല്‍കിയ ഗോള്‍ നേടിയതും മെസ്സിയായിരുന്നു. ഏഴ് ഗോളുകളാണ് അര്‍ജന്റീന നായകന്‍ അടിച്ചൂകൂട്ടിയത്. ഗോളുകളെക്കാള്‍ മികച്ചതായിരുന്നു ഈ ലോകകപ്പില്‍ മെസ്സിയുടെ അസിസ്റ്റുകള്‍. സെമിയില്‍ ക്രോയേഷ്യക്കെതിരെ ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ പ്രതിരോധ നിരക്കാരന്‍ ഗ്വാര്‍ഡിയോളിനെ കബളിപ്പിച്ച് അല്‍വാരസിന്റെ ഗോളിലേക്ക് വഴിതുറന്ന അസിസ്റ്റ് അടക്കം അര്‍ജന്റീന അടിച്ച മിക്ക ഗോളുകളിലും മെസ്സിയുടെ പാദസ്പര്‍ശമുണ്ടായിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലടിപ്പിച്ച ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ലോക ജേതാക്കളായത്. ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം.