ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മികച്ച ഇടപെടലുകൾ നടത്തിയാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ആരോഗ്യ മേഖലയെ സംബന്ധിച്ച് അടിയന്തര കാലഘട്ടമാണിത്. എന്നാൽ ഒരു ആശങ്കകൾക്കും ഇടം നൽകാതെ സർക്കാർ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ചേർപ്പ് ബ്ലോക്ക് തല ആരോഗ്യമേള ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി. അസുഖങ്ങളെക്കുറിച്ചും അതിന് വേണ്ട ചികിത്സാ രീതികളെ സംബന്ധിച്ചും വ്യക്തമായ അറിവുകൾ ആരോഗ്യമേളയിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്‍റെ ആരോഗ്യ പദ്ധതികളെയും സേവനങ്ങളെയും പറ്റി പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റവന്യൂ ബ്ലോക്ക് തലങ്ങളിൽ ആരോഗ്യ മേളകൾ സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ സെമിനാറുകൾ, പ്രദർശന സ്റ്റാളുകൾ, തത്സമയ വൈദ്യ സേവനങ്ങൾ, കലാപരിപാടികൾ എന്നിവയും ഒരുക്കിയിരിക്കുന്നു. എം.എൽ.എ സി സി മുകുന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ കെ രാധാകൃഷ്ണൻ, ഡി പി എം ഡോ.രാഹുൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടിൽ എന്നിവർ പങ്കെടുത്തു.