പാലക്കാട് വിക്ടോറിയ കോളേജിന്റെ ഗേറ്റ് മോഷ്ടിച്ച ബിരുദ വിദ്യാർഥി അറസ്റ്റിൽ. ഒരാഴ്ച മുന്‍പാണ് കോളേജിലെ ഗേറ്റ് മോഷണം പോയത്. പൊളിച്ചു മാറ്റിയ ഗേറ്റ് മെൻസ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തി. രാത്രിയില്‍ കോളജിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ ഗേറ്റ് പൊളിച്ചതെന്നാണ് മൊഴി.കോളജിന്റെ പ്രധാന ഗേറ്റ് വൈകീട്ട് അടയ്ക്കുന്നതാണ് പതിവ്. തുടർന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റായിരുന്നു മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ കോളേജ് പ്രിൻസിപ്പൽ പൊലീസിനെ സമീപിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി കുടുങ്ങിയത്. കേസിൽ നാല് പ്രതികളിൽ ഒരാളാണ് അറസ്റ്റിലായത്. മൂന്നു പേർ സംഭവത്തിന് പിന്നാലെ ഒളിവിലാണ്.