ഗുജറാത്ത് അഹമ്മദാബാദിൽ കോണ്‍ഗ്രസ് ഓഫീസ് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്പ്രേ പെയിന്റെ ഉപയോഗിച്ച് ഓഫീസിന്റെ പേര് ‘ഹജ് ഹൗസ്’ എന്നാക്കി മാറ്റിയതായും സൂചനയുണ്ട്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ ഹജ് ഹൗസ് എന്ന സ്റ്റിക്കര്‍ പതിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ഖജനാവില്‍ ന്യൂനപക്ഷങ്ങള്‍ക്കാണ് പ്രഥമ അവകാശമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണമെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം. ‘അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കോണ്‍ഗ്രസ് ന്യൂനപക്ഷത്തെ പിന്തുണയ്ക്കും. രാജ്യത്ത് കലാപം നടക്കുന്നതിന് പിന്നില്‍ ആരാണെന്നത് നമുക്കറിയാവുന്നതാണ്. അവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ നാം ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ ഖജനാവില്‍ ന്യൂനപക്ഷങ്ങള്‍ക്കാണ് പ്രഥമ അവകാശം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കണം.’- എന്നിങ്ങനെയാണ് ജഗദീഷ് ഠാക്കൂറിന്റെ പരാമര്‍ശം.