ശ്രീ ഗുരുവായൂരപ്പദാസനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് മൂന്നു വർഷം തികയുന്നു. 2020 ഫെബ്രുവരിയിലാണ് പത്മനാഭൻ ചരിയുന്നത്. ഗുരുവായൂർ പത്മനാഭൻ അനുസ്മരണ ദിനം ദേവസ്വം ആഭിമുഖ്യത്തിൽ നാളെ ആചരിക്കും. രാവിലെ 9 ന് ശ്രീവൽസം അതിഥി മന്ദിര വളപ്പിലെ പത്മനാഭൻ പ്രതിമയിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. ദേവസ്വം ആനത്താവളത്തിലെ ഇളമുറക്കാരായ 5 ആനകൾ പത്മനാഭന് പ്രണാമമർപ്പിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരാകും.