Local

സമ്പൂര്‍ണ്ണ ഖരമാലിന്യ ശുചിത്വ പദവി നേടി ഗുരുവായൂര്‍

Published

on

ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനം മാതൃകാപരം: അഭിനന്ദിച്ച് സ്പീക്കര്‍

ഗുരുപവനപുരിയെ ശുചിത്വവും ശുദ്ധിയുമുള്ള നഗരമായി രൂപപ്പെടുത്തിയ നഗരസഭയുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകാപരമാണെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. പ്രതിവർഷം മൂന്നരക്കോടി തീര്‍ത്ഥാടകരെത്തുന്ന ഗുരുവായൂരിനെ ശുദ്ധിയോടെ നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ആ കർത്തവ്യം നഗരസഭ ഭംഗിയായി നിറവേറ്റിയെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ‘ശുചിത്വ നഗരം ശുദ്ധിയുളള ഗുരുവായൂര്‍’ എന്ന ബൃഹത് ആശയം മുന്‍നിര്‍ത്തി ഗുരുവായൂർ നഗരസഭ നടത്തി വരുന്ന സമ്പൂർണ ശുചിത്വ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണം കോര്‍പ്പറേഷനുകള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ആ പ്രയാസകരമായ സമ്മർദ്ദം നഗരസഭയ്ക്ക് മറികടക്കാനായെന്നത് പ്രശംസനീയമാണ്. കുപ്പത്തൊട്ടിയെ പൂങ്കാവനമാക്കിയ നഗരസഭയുടെ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാണ്. മാലിന്യ കൂമ്പാരം നിറഞ്ഞ കോട്ടപ്പടി ശവക്കോട്ടയെ ബയോ പാര്‍ക്കാക്കി മാറ്റിയത് അതിന് ഉദാഹരണമാണെന്നും സ്പീക്കർ അഭിനന്ദിച്ചു. മുന്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദറിന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച ഫ്രീഡം ഹാളിന്‍റെയും 30 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നവീകരിച്ച നഗരസഭ ടൗണ്‍ഹാള്‍ പാര്‍ക്കിംഗ് ഏരിയയുടെയും ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു.

കൂടാതെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിദ്യാഭ്യാസ ആദരം 2022 ചടങ്ങും നടത്തി. എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച ബ്രഹ്മകുളം സെന്‍റ് തെരാസസ്, വി ആര്‍ അപ്പു മെമ്മോറിയല്‍ എന്നീ സ്‌കൂളുകളെ ആദരിച്ചു.

ഗുരുവായൂര്‍ നഗരസഭാ സെക്യുലര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന എസ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനിമാതാരവും നഗരസഭ ശുചിത്വ അംബാസിഡറുമായ നവ്യ നായര്‍ ഓണ്‍ലൈനായി പങ്കെടുത്തു. മുരളി പെരുനെല്ലി എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ. ടി ബാലഭാസ്‌ക്കരന്‍, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ടി ശിവദാസന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നഗരസഭാംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version