ആഗസ്റ്റ് 3 ന് നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറക്കുള്ള നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തി. പഴുന്നാനപാടത്ത് കൃഷി ചെയ്ത നെൽ കതിരുകളുമായി 88 വയസ്സുള്ള ആലാട്ട് വേലപ്പൻ ഇന്ന് ക്ഷേത്രത്തിലെത്തിച്ചു. 67 വർഷമായി ഗുരുവായൂരിൽ നെൽക്കതിർ നൽകിവരുന്നതായി വേലപ്പൻ പറയുന്നു. മക്കളായ ഏ.വി.ജയരാജ്, ഏ.വി.ഹരിദാസ്,എ.വി.രവീന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു’. രാവിലെ 9.18 മണി മുതൽ 11.18 മണി വരേയുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലം നിറ. പുന്നെല്ലിൻ്റെ കതിർക്കറ്റകൾ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറ. പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ഇല്ലം നിറ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ 8.15 മുതൽ ഭക്തർക്ക് നാലമ്പല പ്രവേശനം ഉണ്ടാകില്ല. കൊടിമരത്തിന് സമീപം നിന്ന് ഭക്തർക്ക് ദർശനം നടത്താം. രാവിലെ 7.48 മണി മുതൽ 9.09 മണി വരേയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങ് നടക്കുക.