ഗതാഗതപ്രശ്നം അനുദിനം ഗുരുതരമാകുന്ന ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടെങ്കിലും ഭക്തര്‍ക്ക് പ്രയോജനപ്പെടുന്ന ട്രെയിനുകളില്ല. മുന്‍പ് ഉണ്ടായിരുന്ന തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ കൊവിഡ് കാലത്തിനു ശേഷം ഓടിയിട്ടില്ല. കൊവിഡ് വ്യാപനത്തിന് മുന്‍പ് ഓടിയിരുന്ന ട്രെയിനുകളില്‍ വൈകിട്ടുള്ള ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഒഴികെയുളള മറ്റെല്ലാ വണ്ടികളും ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ കൂടി പുനരാരംഭിക്കണമെന്നാണ് ഭക്തരുടെയും യാത്രക്കാരുടെയും ആവശ്യം. എന്നാല്‍ ഇത് ഇനി ഓടാനിടയില്ലെന്നാണ് സൂചന. സര്‍വീസ് നിര്‍ത്തിവച്ചിരുന്ന കോഴിക്കോട് പാസഞ്ചറും കഴിഞ്ഞ ദിവസം ഓടിത്തുടങ്ങി. ഷൊര്‍ണൂര്‍-തൃശൂര്‍, തൃശൂര്‍-കോഴിക്കോട് പ്രതിദിന പ്രത്യേക എക്സ് പ്രസ് ട്രെയിനുകളും ഓട്ടം തുടങ്ങി. തൃശ്ശൂരിലും സമീപ പ്രദേശങ്ങളിലും വന്ന് മടങ്ങുന്ന വിദ്യാര്‍ഥികളും ജോലിക്കാരുമടക്കമുള്ളവര്‍ക്ക് ഈ വണ്ടി ഏറെ പ്രയോജനം ചെയ്യും. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ഗുരുവായൂരില്‍ വടക്കന്‍ മേഖലകളില്‍ നിന്നും ട്രെയിനുകളില്ല. ഇനി ഓണക്കാലത്തെ തിരക്ക് കൂടിയാകുബോള്‍, ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര ദുസഹമാകും. ഗുരുവായൂരില്‍ പാലം പണി നടക്കുന്നതിനാല്‍ റോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. അതേസമയം ഗുരുവായൂര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഏറെക്കാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നതാണ് പ്രതീക്ഷ.