തൃശ്ശൂര്‍ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തീരദേശത്തെ ഹാൻസ് രാജാവ് എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി ജലീൽ , സഹായി തമിഴ്‌നാട് സ്വദേശി ശെൽവമണി എന്നിവരെയാണ് കൊടുങ്ങലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കയ്പമംഗലം കാളമുറി പടിഞ്ഞാറുള്ള ജലീലിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നുമാണ് 20 ചാക്കുകളിലായി സൂക്ഷിച്ച അമ്പതിനായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. 5 മാസം മുൻപാണ് ജലീൽ ഈ വീട് വിലക്ക് വാങ്ങിയത്. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായി മൊത്തമായി കൊണ്ടുവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഈ വീട്ടിലാണ് സൂക്ഷിക്കുന്നത്.
കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പത്തിലധികം കേസുകൾ ജലീലിൻ്റെ പേരിൽ നിലവിലുണ്ട്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും, തൃശൂർ റൂറൽ ഡെൻസാഫ് ടീമും ചേർന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്.