കേരള സർക്കാർ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഹരിതം സഹകരണം പദ്ധതിക്ക് മികച്ച പിന്തുണയുമായി വടക്കാഞ്ചേരി സർക്കാരുദ്ദ്യോഗസ്ഥ സഹകരണ സംഘം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ഈ പദ്ധതിയുടെ സംഘം തല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. പി.എൻ. സുരേന്ദ്രൻ മാവിൻ തൈ വിതരണം ചെയ്ത് കൊണ്ട് നിർവ്വഹിച്ചു. പാരമ്പര്യ കേരളീയ വൃക്ഷത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിന്‍റ് ഭാഗമായാണ് ” തീം ട്രീസ് ഓഫ് കേരള ” എന്ന പേരിൽ ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 2017 മുതൽ വിവിധ ഇനം വൃക്ഷ തൈകൾ ഈ പദ്ധതിയിലൂടെ സംഘം വിതരണം ചെയ്തു വരുന്നുണ്ടായിരുന്നു.
സംഘം പ്രസിഡന്‍റ് ശ്രീ. ബിബൻ പി.ജോസഫിന്‍റെ അദ്ധ്യക്ഷതയിൽ ഹെഡ് ഓഫീസിൽ വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ തലപ്പിള്ളി താലൂക്ക് അസിസ്റ്റന്‍റ് രജിസ്ട്രാർ ( ജനറൽ) ശ്രീ. ഷാബു കെ.കെ മുഖ്യാതിഥിയായി. ഭരണസമിതി അംഗങ്ങളായ ഡോ. ഷഹന ഷെറീഫ് സ്വാഗതം പറയുകയും രാഗിൽ രവീന്ദ്രൻ.ടി, സതീഷ് കുമാർ.യു.സി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സെക്രട്ടറി ഇൻ ചാർജ് ശ്രീ.സുശീൽ കുമാർ കെ.എസ്.നന്ദി പ്രകാശിപ്പിച്ചു.