വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ തട്ടിയ കേസില്‍ തമിഴ്നാട്ടുകാരന്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ സ്വദേശി സയിദ് മിന്‍ഹാജുദ്ദീനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ നിരവധി വ്യാജരേഖകള്‍ ഇയാള്‍ തയാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.ഉയര്‍ന്ന ജോലിയും ശമ്പളവും വാഗ്ദാനം ചെയ്താണ് സയിദ് മിന്‍ഹാജുദ്ദീന്‍ ഇടപാടുകാരെ വലയിലാക്കിയിരുന്നത്. പാലക്കാട് നഗരത്തിലെ സ്ഥാപനം കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ നിരവധിപേര്‍ അകപ്പെട്ടു. വിവിധ ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങളാണ് മുന്‍കൂറായി ഈടാക്കിയിരുന്നത്. ജോലി സംബന്ധമായ രേഖകളും സാക്ഷ്യപത്രവും ഉള്‍പ്പെടെ വ്യാജമായി തയാറാക്കിയെന്നാണ് നിഗമനം. ഓരോഘട്ടങ്ങളിലും വ്യാജരേഖകള്‍ കൈമാറി ഇടപാടുകാരുടെ വിശ്വാസം നേടി. ഈ രീതിയില്‍ വിവിധ ജില്ലകളിലുള്ളവര്‍ സയിദ് മിന്‍ഹാജുദ്ദീനെ വിശ്വസിച്ച് ലക്ഷങ്ങള്‍ നല്‍കി. ജോലിയില്‍ പ്രവേശിക്കാനുള്ള തിയതി പലഘട്ടങ്ങളില്‍ മാറിയപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ക്ക് സംശയമായത്.പിന്നാലെ വിദേശത്തെ മികച്ച ജോലിയെന്നത് വെറും വാഗ്ദാനമെന്ന് വ്യക്തമായി. അന്വേഷണത്തില്‍ തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും സയിദ് മിന്‍ഹാജുദ്ദീന്‍ വ്യാപക തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തി. നോര്‍ത്ത് പൊലീസ് പിടികൂടിയതിന് പിന്നാലെ തട്ടിപ്പില്‍ അകപ്പെട്ടെന്ന് അറിയിച്ച് നിരവധിപേരാണ് വിളിക്കുന്നത്. വിദേശ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് തുക കോടി കടക്കുമെന്നാണ് നോര്‍ത്ത് പൊലീസിന്റെ നിഗമനം. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ മിന്‍ഹാജുദ്ദീനെ റിമാന്‍ഡ് ചെയ്തു.