തേനീച്ചയുടെ ആക്രമണത്തില്‍ മരണവും പരുക്കേല്‍ക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവിദഗ്ധര്‍. വേനല്‍ കനക്കുന്നതോടെ തേനീച്ചകള്‍ കൂടുതല്‍ ആക്രമണകാരികളാകാനുള്ള സാധ്യതയുണ്ട്. ഒരുമാസത്തിനിടെ പാലക്കാട് ജില്ലയില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചത് നാലുപേരാണ്. നാല്‍പ്പത്തി നാലുപേര്‍ ചികില്‍സ തേടുകയും ചെയ്തു.തേനീച്ചയുടെ കുത്തേറ്റ് മരിച്ചവരില്‍ രണ്ടുപേര്‍ ക്ഷീരകര്‍ഷകരും രണ്ടാളുകള്‍ നിര്‍മാണ തൊഴിലാളികളുമാണ്. പരുക്കേറ്റവരില്‍ ഭൂരിഭാഗവും തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും. അനുകൂല കാലാവസ്ഥയുള്ള സമയത്ത് മാത്രം തൊഴിലെടുക്കുന്ന ശൈലിയല്ല കര്‍ഷകര്‍ക്കുള്ളത്. അങ്ങനെയാകുമ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ സ്വയം കരുതലും പ്രതിരോധ മാര്‍ഗങ്ങളും തേടണം. ഏറ്റവും പ്രധാനം അടിയന്തര ചികില്‍സ തന്നെയാണ്.തേനീച്ച ആക്രമണം കൂടുന്ന സാഹചര്യത്തില്‍ താലൂക്ക് ആശുപത്രികളില്‍ ഉള്‍പ്പെടെ മതിയായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പും പറഞ്ഞു.