ആരോഗ്യമന്ത്രി. വീണാ ജോര്‍ജിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പറമ്പുകര ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി മന്ത്രി വീണാ ജോര്‍ജിന് നന്ദിയറിയിച്ചത്.കോട്ടയം പാമ്പാടിയില്‍ ഏഴു പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. അവിടെയെത്തിയ ഉമ്മന്‍ ചാണ്ടി വീട്ടുകാരുടെ ആശങ്ക കണ്ട് മന്ത്രി വീണാ ജോര്‍ജിനെ വിളിച്ച് ഇക്കാര്യമറിയിച്ചു. ഉടന്‍ തന്നെ മന്ത്രി കോട്ടയം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി സൈറു ഫിലിപ്പിനെ വിളിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ സംഘം പാമ്പാടിയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടു.മീനടം മെഡിക്കൽ ഓഫിസർ ഡോ.രഞ്ജു വർഗീസും ഡോ. സൈറു ഫിലിപ്പിന് ഒപ്പമുണ്ടായിരുന്നു. വിശദമായി ഈ കുടുംബങ്ങളോട് എല്ലാ വശങ്ങളും സംസാരിക്കുകയും മാനസിക പിന്തുണ നല്‍കി ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം തുടർന്നും വിവരങ്ങളന്വേഷിച്ചു വരുന്നു. ഇത് അവര്‍ക്ക് ഏറെ ആശ്വാസമായി. വളരെ പെട്ടെന്ന് നടപടിയെടുത്ത മന്ത്രിയെ ഉമ്മന്‍ചാണ്ടി നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.