Local

കനത്ത മഴ; ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

Published

on

രണ്ട് ദിവസമായി പെയ്യുന്ന തോരാമഴയിൽ തൃശ്ശൂരിന്‍റെ തീരദേശത്ത് പ്രളയ സമാനമായ വെള്ളക്കെട്ട്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കാനകൾ കവിഞ്ഞൊഴുകി വെള്ളം റോഡുകളിൽ പരന്നൊഴുകുന്നതിനാൽ ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ചെന്ത്രാപ്പിന്നി സെൻ്ററിൽ കാന നിറഞ്ഞ് ദേശീയപാതയിലൂടെ ഒഴുകുന്നതിനാൽ ഇവിടേയും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

നാട്ടുകാരും പോലീസും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പ്രദേശത്തെ ഇരുപതോളം കടകളിൽ വെള്ളം കയറിയത് മൂലം സ്ഥാപനം തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവൻ സ്‌കൂളും, പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിലാണ്. ചെന്ത്രാപ്പിന്നി അലുവതെരുവിന് തെക്ക് ഭാഗത്ത് ഇരുനില വീടിൻ്റെ അടിത്തറ ഭാഗികമായി തകർന്നു. കാഞ്ഞാണി സ്വദേശി സുനിൽ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ ഒരുഭാഗമാണ് കാനയിലേക്ക് തകർന്ന് വീണത്.

കയ്‌പമംഗലം കൂരിക്കുഴി സലഫി നഗറിന് സമീപം ഇരുനൂറിലധികം വീടുകൾ വെള്ളത്തിലായി. കയ്‌പമംഗലം കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. പെരിഞ്ഞനം പടിഞ്ഞാറ് വെള്ളക്കെട്ടിലകപ്പെട്ട കുടുംബങ്ങളെ രാവിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ക്യാമ്പുകളിലേക്ക് മാറ്റി. കിഴക്കൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. എടത്തിരുത്തി, കയ്‌പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പലരും ക്യാമ്പിൽ വരാതെ ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. മഴ തുടർന്നാൽ കൂടുതൽ പേർ ക്യാമ്പുകളിലെത്താൻ സാധ്യതയുണ്ട്. ക്യാമ്പുകളിലുള്ളവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version