Kerala

സംസ്ഥാനത്ത് മലയോര മേഖലയിലടക്കം കനത്ത മഴ; ഉൾവനകളിൽ ഉരുൾപൊട്ടിയതായി സൂചന;

Published

on

സംസ്ഥാനത്ത് വീണ്ടും മഴ തകർത്ത് പെയ്യുകയാണ്. തെക്കൻ കേരളത്തിലും മലയോരമേഖലയിലും കനത്ത മഴ തുടരുകയാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലയിൽ പലയിടത്തും ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേ‍ർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്കൊപ്പുണ്ടായിരുന്ന ഈറോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കിൽപ്പെട്ടാണ്  അദ്വൈദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി 101 ലേക്ക് വിളിക്കണമെന്ന് ഫയർ ഫോഴ്സ് അറിയിച്ചിട്ടുണ്ട്.  കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ നെടുമങ്ങാട് താലൂക്കിലും കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്ത് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version