Local

സംസ്ഥാനത്ത് ഹർത്താലിനും അക്രമങ്ങൾക്കും കുറവില്ല

Published

on

മിന്നൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും സംസ്ഥാനത്ത് ഹർത്താലിനും അക്രമങ്ങൾക്കും കുറവില്ല. ഈ വർഷം 17 ഹർത്താലാണ് സംസ്ഥാനത്തുണ്ടായത്. ജനജീവിതം തടസ്സപ്പെടുത്തുന്ന ഹർത്താൽ ഒഴിവാക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ വ്യാപക അക്രമം ഉണ്ടായ സാഹചര്യത്തിൽ ഹർത്താൽ അനുകൂലികൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്.മാർച്ചിൽ മൂന്നു ഹർത്താലും രണ്ടു ദിവസം ദേശീയ പണിമുടക്കും ഉണ്ടായി. ആലത്തൂർ താലൂക്കിൽ യുവമോർച്ച പ്രവർത്തകൻ കുത്തേറ്റു മരിച്ചതിനെ തുടർന്നായിരുന്നു ഈ വർഷത്തെ ആദ്യ ഹർത്താൽ. കെ–റെയില്‍ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിലും മഞ്ചേരി നഗരസഭ കൗൺസിലർ കൊല്ലപ്പെട്ടതിന്റെ പേരിൽ മഞ്ചേരി നഗരസഭയിലും ഹർത്താൽ ഉണ്ടായി. പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരി ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അമ്പൂരി പഞ്ചായത്തിൽ ഏപ്രിലിൽ ഹർത്താലുണ്ടായി.ആലപ്പുഴ ചാരുമ്മൂട്ടിൽ കോൺഗ്രസ് ഓഫിസുകൾക്കു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലെ ഹർത്താൽ. ജൂണിൽ ആറു ഹർത്താലുണ്ടായി. സംരക്ഷിത വന മേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ പത്തനംതിട്ടയിലെ 7 പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ നടത്തി.പരിസ്ഥിതി ലോല പ്രശ്നത്തിൽ കേന്ദ്രം ഇടപെടണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും പാലക്കാട് ജില്ലയിലെ 14 വില്ലേജുകളിലും തൃശൂർ ജില്ലയിലെ 11 വില്ലേജുകളിലും ഹർത്താൽ നടത്തി. ഇതേ വിഷയത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ യുഡിഎഫ് ഹർത്താൽ നടത്തി. മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെ ജനകീയ സമരസമിതി കോഴിക്കോട് വെള്ളയിൽ ജൂലൈയിൽ ഹർത്താൽ നടത്തി. ആളിയാർ ഡാമിൽനിന്ന് വെള്ളം കൊണ്ടു പോകുന്നതിനെതിരെ ചിറ്റൂർ, നെൻമാറ നിയോജക മണ്ഡലങ്ങളിൽ ഓഗസ്റ്റിൽ ഹർത്താലുണ്ടായി. ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് മരുതക്കോട് പഞ്ചായത്തിൽ സിപിഎം ഹർത്താൽ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version