Kerala

കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Published

on

ദേശിയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം. ദേശിയപാതകളിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കി. എന്‍.എച്ച്.എ.ഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും ആണ് നിർദേശം നൽകിയത്. അമിക്കസ്‌ക്യൂറി വഴിയാണ് നിര്‍ദേശം നല്‍കിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.

നെടുമ്പാശേരി എം എ എച്ച് എസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ’ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീണ ഹാഷിം സമീപത്തേക്ക് തെറിച്ചു വീഴുകയും ഈ സമയം പിന്നിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. കുഴിയിൽ വെളളം കെട്ടി കിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version