Local

മലയോര ഹൈവേ: സര്‍വ്വെ നടപടികള്‍ക്ക് ഭൂവുടമകള്‍ സമ്മതം അറിയിച്ചു

Published

on

മലയോര ഹൈവേ നിര്‍മ്മാണത്തിന് ഭൂമി വിട്ടു നല്‍കുന്ന പ്രദേശങ്ങളില്‍ സര്‍വ്വെ നടത്താന്‍ ഭൂവുടമകള്‍ സമ്മതം അറിയിച്ചു. മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി. പി രവീന്ദ്രന്‍ വിളിച്ച യോഗത്തിലാണ് ഭൂവുടമകള്‍ സര്‍വ്വെ നടത്താന്‍ സമ്മതം അറിയിച്ചത്. നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ സര്‍വേ നടത്താന്‍ അനുമതിയാവശ്യപ്പെട്ടും ഭൂമി വിട്ടുനല്‍കുന്നതില്‍ ഭൂവുടമകള്‍ക്ക് ഉണ്ടായിരുന്ന സംശയങ്ങള്‍ ലഘൂകരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്. മലയോര ഹൈവേ നിര്‍മ്മാണത്തിന് വിട്ട് നല്‍കുന്ന ഭൂമിയിലെ കെട്ടിടങ്ങള്‍, കടകള്‍, മതില്‍, ഗെയ്റ്റ്, തെങ്ങ്, കവുങ്ങ്, ജാതി, കൃഷി ഉള്‍പ്പെടുന്നവയ്ക്ക് നഷ്ടപരിഹാരം നല്‍കും.
വിലങ്ങന്നൂര്‍, ചെന്നായിപ്പാറ പ്രദേശങ്ങളില്‍ 12 മീറ്റര്‍ വീതിയില്‍ മലയോര ഹൈവേ റോഡ് നിര്‍മ്മാണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായി 11 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. വീടും സ്ഥലവും നഷ്ടമാകുന്നവര്‍ക്ക് വീടും സ്ഥവും നല്‍കുന്ന പ്രത്യേക പാക്കേജും പദ്ധതിയിലുണ്ട്.
വിലങ്ങന്നൂര്‍ 15-ാം വാര്‍ഡിലെ ഭൂവുടമകള്‍ക്ക് മലയോര ഹൈവേയുടെ ഘടന, നഷ്ടപരിഹാരവ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളില്‍ നടത്തിപ്പ് ചുമതലയുള്ള കേരള ഫണ്ട് ബോര്‍ഡിലെ എന്‍ജിനീയര്‍മാര്‍ യോഗത്തില്‍ വിശദീകരിച്ചു. വെറും ഭൂമിക്ക് പ്രതിഫലം നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം സര്‍ക്കാരിനെ അറിയിക്കുമെന്നും വിലങ്ങന്നൂര്‍ ചെന്നായ്പാറ ഭാഗങ്ങളില്‍ ഭൂമി വിട്ടു നല്‍കുന്നവരുടെ സംയുക്ത യോഗം റവന്യൂ മന്ത്രി കെ രാജന്‍റെ നേതൃത്വത്തില്‍ ചേരുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version