എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചെങ്കിലും കോൺഗ്രസിന്റെ കൈ പിടിക്കുകയാണ് ഹിമാചൽ പ്രദേശ്. നിലവിൽ 40 സീറ്റിൽ കോൺഗ്രസും 25 സീറ്റിൽ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം നൽകാത്ത സംസ്ഥാനം ആ ശൈലി കാത്തുസൂക്ഷിക്കുന്നു എന്ന് വ്യക്തം.
ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ അവർക്കായില്ല. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്. ഇത്തവണ സിപിഎം ചിത്രത്തിലേയില്ല.