കൊച്ചി: വീടു കയറി ആക്രമണം നടത്തിയതിന് സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൗഫൽ അറസ്റ്റില്‍. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഞാറയ്ക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് അശ്വതി. ലഹരി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സുഹൃത്ത് നൗഫലുമായുള്ള അശ്വതിയുടെ വിവാഹം കഴിഞ്ഞത്. ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിയെയും നൗഫലിനെയും ഇക്കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ പിടികൂടിയിരുന്നു. ദുബായിൽ ലഹരിമരുന്ന് കേസിലും അശ്വതി അറസ്റ്റിലായിട്ടുണ്ട്.