ഉത്തർപ്രദേശിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 മരണം. ഒരു ഡോക്ടറും ഇയാളുടെ മകളും മകനുമാണ് കൊല്ലപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ ഒന്നാം നിലയിലാണ് ഡോക്ടർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നതെന്നാണ് വിവരം. ഹോമിൽ ചികിത്സയിലായിരുന്ന രോഗികളെ പുറത്തെടുത്ത് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.ആഗ്രയിൽ ആർ.മധുരാജ് ആശുപത്രിയുടെ ഒന്നാം നിലയിൽ ബുധനാഴ്ച പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. ഡോ.രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് കൊല്ലപ്പെട്ടത്. ഡോക്ടർ കുടുംബത്തോടൊപ്പം ഒന്നാം നിലയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. നഴ്സിംഗ് ഹോം താഴത്തെ നിലയിലാണ് പ്രവർത്തിച്ചിരുന്നത്. സംഭവ സമയം 7 രോഗികളും 5 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം.വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണ് നഴ്‌സിംഗ് ഹോമിൽ തീപിടിത്തമുണ്ടായതെന്നാണ് സംശയിക്കുന്നത്. വിഷയം ഗൗരവമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.