ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശ്ശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഹരിത കർമ സേന.
എല്ലാ വാർഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. ഇത് കൊടുക്കാൻ ആളുകൾ മടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
വസ്തു നികുതിക്കൊപ്പം യൂസർ ഫീ ഇനത്തിലെ കുടിശ്ശികയും പിരിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ വസ്തു നികുതിയിൽ തന്നെ യൂസർ ഫീ കുടിശ്ശികയും ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
യൂസർ ഫീ നിർബന്ധമായി വാങ്ങിക്കുന്നതിനാണ് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാനത്തുടനീളം ഹരിത കർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാനും മാലിന്യ നിർമ്മാർജ്ജനം ശക്തമാക്കാനുമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായാണ് ഹരിത കർമ സേനയുടെ ഫീ വസ്തു നികുതിക്കൊപ്പം പിരിക്കുന്നത്.