ഓണവുമായി ബന്ധപ്പെട്ട് ബഹറിൻ കേരളീയ സമാജം ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബഹറിൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതങ്ങളിൽ അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറേ സന്തോഷം നൽകുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് യൂസഫലി പറഞ്ഞു, സമാജം രൂപീകരണത്തിൽ സഹകരിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ബഹറിൻ കേരളീയ സമാജം മിഡിലീസ്റ്റിലെ ഇന്ത്യൻ കൾച്ചറൽ ഹബ്ബായി മാറിയിരിക്കുന്നു. സമാജം ഭരണസമിതിക്ക് സാമൂഹികവും സാംസ്‌ക്കാരികവുമായ പ്രൗഢി നിലനിർത്താൻ സാധിക്കുന്നതിൽ യൂസഫലി അഭിനന്ദനങ്ങൾ അറിയിച്ചു.ഓണാഘോഷങ്ങളുടെ വൈവിധ്യവും സാംസ്‌ക്കാരിക തനിമയും ചോരാതെ പുന:സൃഷ്ടിക്കാൻ ബഹറിൻ കേരളീയ സമാജത്തിന് സാധിക്കുന്നതായി ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഓണത്തെയും മലയാളികളെയും അടുത്തറിയാൻ സമാജം സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എംഎ യൂസഫലി ഇന്ത്യൻ സമൂഹത്തിനും വിശിഷ്യ കേരളീയ സമൂഹത്തിനും നൽകുന്ന സംഭാവനകൾ അതുല്യമാണെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. യൂസഫലി ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലെ കണക്റ്റിങ്ങ് ബ്രിഡ്ജ് ആണെന്നും അദ്ദേഹത്തിന്റെ മാനുഷിക പ്രവർത്തനങ്ങൾക്ക് സമാനതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഉദ്ഘാടന ചടങ്ങിൽ ബഹറിൻ സോഷ്യൽ ഡവലപ്‌മെൻറ് മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ഓരോ വർഷത്തേയും ഓണാഘോഷങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്നതായും അതിന് ബഹറിൻ മലയാളി സമൂഹവും ബഹറിൻ ഭരണകൂടവും നൽകുന്ന സഹായങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായി ബി.കെ. എസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.തുടർന്ന് പ്രശസ്ത പിന്നണി ഗായിക കെ.എസ്.ചിത്ര, രൂപരേവതി, നിഷാദ് എന്നിവർ ഗാനമേള അവതരിപ്പിച്ചു.