Kerala

എസ്എഫ്‌ഐ സമരത്തിന് വിദ്യാർത്ഥികളെ കൊണ്ടു പോയ സംഭവം; ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷൻ

Published

on

പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ഗവൺമെന്‍റ് സ്‌കൂളിലെ വിദ്യാർത്ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ട് പോയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷന്‍റെ ഇടപെടൽ. ജില്ലാ കളക്ടർക്കും എസ്പിക്കും ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഏഴ് ദിവസത്തിനകം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പത്തിരിപ്പാല ഗവൺമെന്‍റ് സ്‌കൂളിൽ വിദ്യാർഥികളെ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ രാഷ്‌ട്രീയ സമരങ്ങൾക്ക് ഉപയോഗപ്പെടുത്തിയവർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്, യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയത്.

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെയാണ് എസ്എഫ്ഐക്കാർ ആരുമറിയാതെ പാർട്ടി പരിപാടിയ്‌ക്കായി കടത്തിക്കൊണ്ടുപോയത്. എസ്എഫ്ഐയുടെ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുപ്പിക്കാനായിരുന്നു കൊണ്ടുപോയത്. ബിരിയാണി വാഗ്ദാനം ചെയ്ത ശേഷം പ്രവർത്തകർ വിദ്യാർത്ഥികളെ സ്‌കൂൾ ബസിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

സ്‌കൂൾ സമയം കഴിഞ്ഞും വിദ്യാർത്ഥികളെ കാണാത്തതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് എസ്എഫ്ഐ മാർച്ചിന് കൊണ്ടുപോയ വിവരം അറിഞ്ഞത്. ഭക്ഷണം വാഗ്ദാനം ചെയ്താണ് കുട്ടികളെ കൊണ്ടുപോയതെങ്കിലും ഒരു തുള്ളി വെള്ളം പോലും നൽകിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കുട്ടികളെ എസ്എഫ്ഐക്കാർ കടത്തിക്കൊണ്ടുപോയത് ഇടത് അനുകൂല അദ്ധ്യാപകരുടെ ഒത്താശ്ശയോടെയാണെന്നാണ് വിവരം.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version