ഓഗസ്റ്റ് 15 ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര ഹൃദയരുടെ ത്യാഗങ്ങളേയും, സമർപ്പണത്തേയും, ഈ ദിവസം സ്മരിക്കുകയും, ആദരിക്കുകയും ചെയ്യുന്നു. 76-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ല ഒരുങ്ങി. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കും. രാവിലെ 8.30 ന് പരേഡ് അണിനിരക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം മന്ത്രി.കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തും. ഭാരതത്തിൻ്റെ 76-ാമത് സ്വാതന്ത്ര്യ ദിനം തലപ്പിള്ളി താലൂക്കിൽ വിവിധ പരിപാടികളോടെ നടക്കും. വടക്കാഞ്ചേരി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്.കെ.വി.നഫീസ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ പരിധിയിലെ സ്ക്കൂളുകളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ്സ്ടു, വിഎച്ച്എസ് സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും, എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് ആദരിക്കും. നഗരസഭാ ചെയർമാൻ. പി. എൻ സുരേന്ദ്രൻ, തലപ്പിള്ളി താലൂക്ക് തഹസിൽദാർ.എം.കെ. കിഷോർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.