അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ ഉപയോഗം അവസാനിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയിലെ അകോലയില്‍ ഡോ.പഞ്ചബ്രാവോ ദേശ്മുഖ് കൃഷി വിദ്യാപീഠത്തില്‍ ഡോക്ടര്‍ ഓഫ് സയന്‍സ് ഓണററി ബിരുദം സ്വീകരിക്കവേയാണ് ഗഡ്കരി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ആഴത്തിലുള്ള കിണര്‍ വെള്ളത്തില്‍ നിന്ന് ഗ്രീന്‍ ഹൈഡ്രജനുണ്ടാക്കി കിലോയ്ക്ക് 70 രൂപയ്ക്ക് വില്‍ക്കാം. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ നിര്‍മ്മിക്കുന്ന ബയോ എത്തനോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പെട്രോള്‍ തീര്‍ന്നുപോകുമെന്നും അതിനാല്‍ ഫോസില്‍ ഇന്ധനം രാജ്യത്ത് നിരോധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാലയുടെ മുപ്പതിയാറാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണറും പൊതുസര്‍വ്വകലാശാലകളുടെ ചാന്‍സ്‌ലറുമായ ഭഗത് സിംഗ് കോഷോയാരിയും ചേര്‍ന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഡോക്ടര്‍ ഓഫ് സയന്‍സ് ഓണററി ബിരുദം നല്‍കിയത്.