Local

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം

Published

on

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്ബരയ്‌ക്ക് ഇന്നു തുടക്കം. ലഖ്‌നൗവിലെ ഏക്‌ന സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണു മത്സരം. മത്സരം ഉച്ചയ്‌ക്ക് 1.30 മുതല്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും കാണാം. ഏക്‌ന സ്‌റ്റേഡിയത്തില്‍ 2019 ലാണ്‌ അവസാനം ഏകദിനം കളിച്ചത്‌. അഫ്‌ഗാനിസ്‌ഥാനും വെസ്‌റ്റിന്‍ഡീസും തമ്മിലായിരുന്നു ഇവിടെ ഏകദിനം കളിച്ചത്‌. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇവിടെ ഏകദിനം കളിച്ചിട്ടില്ല. ഇതുവരെ നടന്ന മൂന്ന്‌ ഏകദിനങ്ങളിലെ ശരാശരി 230 ആയതിനാല്‍ മത്സരത്തില്‍ റണ്ണൊഴുക്ക്‌ കുറയാനാണു സാധ്യത. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ 2020 ല്‍ ഇവിടെ മത്സരിക്കേണ്ടതായിരുന്നു. കോവിഡ്‌-19 വൈറസ്‌ മഹാമാരിയുടെ വ്യാപനം മൂലം മത്സരം റദ്ദാക്കുകയായിരുന്നു. ഇന്ത്യ ഇവിടെ നടന്ന രണ്ട്‌ ട്വന്റി20 കളിലായി യഥാക്രമം 195, 199 റണ്ണെടുത്തു. ലഖ്‌നൗവിലും പരിസരത്തും മഴ തുടരുന്നതു മത്സരത്തിനു ഭീഷണിയാണ്‌. രസംകൊല്ലിയായി മഴയുണ്ടാകുമെന്നാണു കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌. ലോക കപ്പ്‌ സൂപ്പര്‍ ലീഗ്‌ പോയിന്റ്‌ പട്ടികയില്‍ 11-ാം സ്‌ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് സ്‌ഥാനം മെച്ചപ്പെടുത്താനുള്ള അവസരമാണു മുന്നില്‍. 13 കളികളിലായി നാലു ജയം മാത്രമാണ്‌ അവര്‍ നേടിയത്‌. ബാംഗ്ലുര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റര്‍ രജത്‌ പാടീദാര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാമെന്ന പ്രതീക്ഷയിലാണ്‌. രാഹുല്‍ ത്രിപാഠിയുടെ സാന്നിധ്യമാണ്‌ പാടീദാറിനു വെല്ലുവിളി.
പേസര്‍ ദീപക്‌ ചാഹാറിന്റെ പ്രകടനവും ഉറ്റുനോക്കുന്നതാണ്‌. ദീപക്‌ ചാഹാറിനെ പരുക്കു മൂലം ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍നിന്നു പുറത്തായ ജസ്‌പ്രീത്‌ ബുംറയുടെ പകരക്കാരനാക്കുമെന്ന അഭ്യൂഹം ശക്‌തമാണ്‌. നായകനും ഓപ്പണറുമായ ശിഖര്‍ ധവാനും തിരിച്ചുവരവിനുള്ള വേദിയാണ്‌. 2019 ലെ ഏകദിന ലോകകപ്പിലാണു ധവാന്‍ അവസാനം സെഞ്ചുറിയടിച്ചത്‌. അതിനു ശേഷം 26 ഇന്നിങ്‌സുകള്‍ കഴിഞ്ഞു. റണ്‍ വരള്‍ച്ച നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ വിമര്‍ശനച്ചൂളയിലാണ്‌. ഇന്ത്യക്കെതിരേ നടന്ന ട്വന്റി20 പരമ്ബരയിലെ രണ്ട്‌ മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്തായ ബാവുമ അവസാന മത്സരത്തില്‍ മൂന്ന്‌ റണ്ണുമായാണു മടങ്ങിയത്‌.
സാധ്യതാ ടീം: ഇന്ത്യ- ശിഖര്‍ ധവാന്‍ (നായകന്‍), ശുഭ്‌മന്‍ ഗില്‍, ശ്രേയസ്‌ അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്‌ജു സാംസണ്‍, രാഹുല്‍ ത്രിപാഠി/ രജത്‌ പാടീദാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ദീപക്‌ ചാഹാര്‍, കുല്‍ദീപ്‌ യാദവ്‌, രവി ബിഷ്‌ണോയ്‌, മുഹമ്മദ്‌ സിറാജ്‌.
സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക്‌, ജാനെമന്‍ മാലാന്‍, തെംബ ബാവുമ (നായകന്‍), എയ്‌ദീന്‍ മര്‍ക്രാം, ഹെന്റിച്‌ ക്ലാസാന്‍, ഡേവിഡ്‌ മില്ലര്‍, ആന്‍ഡില്‍ ഫെലുക്‌വായോ/ഡെ്വയ്‌ന്‍ പ്രിട്ടോറിയസ്‌, കേശവ്‌ മഹാരാജ്‌, ആന്റിച്‌ നോര്‍ടിയ/ മാര്‍കോ ജാന്‍സന്‍, ലുങ്കി എന്‍ഗിഡി, കാഗിസോ റബാഡ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version