മഹാരാഷ്ട്രയില്‍ കനത്ത മഴ സൃഷ്ടിച്ചിരിയ്ക്കുന്ന നാശങ്ങള്‍ക്ക് പിന്നാലെ പകര്‍ച്ചവ്യാധിയും വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ കോളറ ബാധിച്ച് ഇതുവരെ 5 പേരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. കൂടാതെ 181 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.
പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. പകർച്ചവ്യാധി ബാധിത ഗ്രാമങ്ങളിൽ മെഡിക്കൽ ടീമുകൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ജലത്തിന്‍റെ ഗുണനിലവാര നിരീക്ഷണം, രോഗികളുടെ നിരീക്ഷണം, ചികിത്സ, ആരോഗ്യ അവബോധം എന്നിവയിലൂന്നിയ നടപടികള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ് എന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂലൈ 7നാണ് അമരാവതി ജില്ലയിലെ ചിക്കൽധാര, അമരാവതി ബ്ലോക്കുകളിൽ ജലജന്യ രോഗമായ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം, പകർച്ചവ്യാധിയെ കുറിച്ച് അന്വേഷിക്കാനും ഉചിതമായ മാർഗനിർദേശം നൽകാനും സംസ്ഥാനതല സ്ക്വാഡ് നിലവിൽ ജില്ലയിലുണ്ട്. അഡീഷണൽ ഹെൽത്ത് സെക്രട്ടറി (പൊതുജനാരോഗ്യം) സ്ഥിതിഗതികൾ വിശദമായി അവലോകനം ചെയ്യുകയും പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കും അമരാവതി ജില്ലാ ഭരണകൂടത്തിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.