മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിനായെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ടി വി ഇബ്രാഹിം എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കയറ്റത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.വിപണിയെ കുറിച്ച് ഒന്നും അറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയതെന്ന് മന്ത്രി ജി ആര്‍ അനില്‍ മറുപടിയില്‍ പറഞ്ഞു. പഴയ അടിയന്തരപ്രമേയ നോട്ടീസ് പുതുക്കി കൊണ്ടുവരികയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചത് കോണ്‍ഗ്രസാണ്. പഴയ രീതിയില്‍ പ്രതിപക്ഷം ചിന്തിക്കരുത്. കുറച്ചുകൂടി വസ്തുതകള്‍ പരിശോധിക്കണമെന്നും ജി ആര്‍ അനില്‍ പറഞ്ഞു. കര്‍ഷകരെയും ഉപഭോക്താക്കളെയും സഹായിക്കാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം 1600 കോടിയാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിന് അബദ്ധം പറ്റിയിരിക്കുകയാണ്. പച്ചക്കറി വിലയെ കുറിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎല്‍എമാർക്കുണ്ടോ എന്ന മന്ത്രിയുടെ ചോദ്യം പ്രതിപക്ഷ ബഹളത്തിന് കാരണമായി.