രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ ആറു മാസമാണ് ഇന്‍റണ്‍ഷിപ്പ്. മാസം 5000 രൂപ വീതം സംസ്ഥാന സര്‍ക്കാരും ഏറ്റവും കുറഞ്ഞത് ഇതേ തുക കമ്പനികളും ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കും. ഈ വര്‍ഷം 1500ഉം അടുത്തവര്‍ഷം 5000 ഉം പേര്‍ക്ക് പരിശീലനം നല്‍കും. ബജറ്റില്‍ 20 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയത്. 250 കമ്പനികള്‍ ഇതിനകം താല്‍പ്പര്യമറിയിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഏകദേശം 1200 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. ഐടി, ഇതര സ്ഥാപനങ്ങളില്‍ മതിയായ പരിശീലനം ലഭിച്ചവരുടെ അപര്യാപ്തത പരിഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് തുടര്‍ ജോലിക്കും പദ്ധതി സഹായിക്കും. ഐ സി ടി അക്കാദമി, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ചാണ് ‘ഇഗ്‌നൈറ്റ് ‘ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്‍റണ്‍ഷിപ്പിനായി ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും https://ignite.keralait.org ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്‍റണ്‍ഷിപ് ചെയ്യാന്‍ താല്‍പ്പര്യമുള്ള മേഖലകള്‍ അറിയിക്കാം. കമ്പനികള്‍ അഭിമുഖത്തിനുശേഷം അനുമതി നല്‍കും.