കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ലേക് ഷോർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്.
മെഡിക്കൽ ഉപകരണത്തിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇ.സി.എം.ഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മാർച്ച് മൂന്നിനാണ് ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.