സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഭരണഘടന സദസ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്ന അസഹിഷ്ണുതയുടെ കാലത്ത് ഇത്തരം സദസുകളുടെ ആവശ്യകത സംബന്ധിച്ച് മന്ത്രി ഓർമ്മിപ്പിച്ചു. 75 വർഷം പിന്നിടുമ്പോൾ യഥാർത്ഥത്തിൽ രാജ്യം സ്വാതന്ത്ര്യം നേടിയോ എന്നത് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. “ആധുനിക ഇന്ത്യയിൽ ഭരണഘടനയുടെ പ്രസക്തി” എന്ന വിഷയത്തിൽ കെ.ജി.ഒ.എ സംസ്ഥാന കൗൺസിൽ അംഗം ഡോ.എ രാജഹരി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യദിന ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയിൽ വജ്രജൂബിലി കലാകാരൻമാരുടെ കലാപരിപാടികൾ, ചിത്രരചനാ മത്സരം എന്നിവ നടന്നു. ബ്ലോക്ക് പരിധിയിൽ മികച്ച വിജയം നേടിയ സ്കൂളുകളെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലളിത ബാലൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ മോഹനൻ വലിയാട്ടിൽ, സെക്രട്ടറി കെ.സി ജിനീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.