പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എൻജിനീയർ പോളണ്ടിൽ കുത്തേറ്റു മരിച്ചു. പുതുശ്ശേരി വൃന്ദാവൻ നഗറിൽ ഇബ്രാഹിമാണു മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതർ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഐ.എൻ.ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പ്രതി പിടിയിലായെന്ന സൂചനയല്ലാതെ കൊലപാതകത്തിനുള്ള കാരണമോ പ്രതിയെക്കുറിച്ചുള്ള വിവരമോ ലഭിച്ചിട്ടില്ല. ചെന്നൈയിലും ബംഗലൂരുവിലും ജോലി നോക്കിയ ശേഷം പത്ത് മാസം മുൻപാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്. ഐ.എൻ.ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഇരുപത്തി നാലിന് രാവിലെ വീഡിയോ കോളിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അന്ന് വൈകീട്ടു പതിവു പോലെ വിളിച്ചെങ്കിലും കിട്ടിയില്ല. ഇരുപത്തി അഞ്ചിന് രാവിലെയും ഫോണിൽ കിട്ടാതെ വന്നതോടെ കുടുംബാംഗങ്ങൾ എംബസിയെ അറിയിക്കുകയായിരുന്നു.കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ ഇരു രാജ്യങ്ങളിലെയും എംബസി അധികൃതരുമായും സംസാരിച്ചു. കേന്ദ്ര സർക്കാർ മതിയായ ഇടപെടൽ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.