രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വർഷം തികയുന്നു. ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനും പൊറുക്കാനുമാകാത്ത ദിനം. 2008ൽ ഇതേ ദിവസമായിരുന്നു കടൽ മാർഗമെത്തിയ പാക്ക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്. നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.മുംബൈയ്ക്ക് അന്ന് ചോരയുടെ മണമായിരുന്നു. 10 ലഷ്‌കർ ഇ ത്വയിബ ഭീകരർ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് അഴിഞ്ഞാടി. മഹാനഗരത്തെ ചുട്ടുചാമ്പലാക്കാനായിരുന്നു ശ്രമം. റെയിൽവേ സ്റ്റേഷനും ഹോട്ടലുകളും കോളജും സിനിമാ ടാക്കീസുമെല്ലാം ഉന്നംവച്ചു. 60 മണിക്കൂർ രാജ്യം പ്രാർത്ഥനയിൽ കഴിഞ്ഞ ദിവസങ്ങൾ. മുംബൈ അന്നോളം കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത നരനായാട്ട്.