Local

ജില്ലയിൽ ഒരു ദിവസം റോഡപകടങ്ങളിൽപ്പെടുന്നത് 12 പേരെന്ന് കണക്കുകൾ

Published

on

ജില്ലയിൽ ഒരു ദിവസം 12 പേരെങ്കിലും റോഡപകടങ്ങളിൽ മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നതായി കണക്കുകൾ. ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ദിവസം പത്ത് പേർ എന്നതായിരുന്നു 2019ലെ കണക്ക്. കേരള പോലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ റോഡപകടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. 2019 മുതൽ 2022 വരെയുള്ള റോഡപകടങ്ങളെക്കുറിച്ചുള്ള വിശകലനമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കോവിഡ് മഹാമാരിയും അതിനുശേഷവും റോഡപകടങ്ങളിൽ കുറവുണ്ടായിട്ടില്ല.
2019 ൽ 5760 പേർക്ക് റോഡപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് മുഴുവനായും ഭാഗികമായും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും 3476 പേർക്കോളം റോഡ് അപകടങ്ങൾ സംഭവിച്ചു. 2022 മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരം 2336 പേർക്ക് റോഡ് അപകടങ്ങൾ സംഭവിക്കുകയോ അതിൽ 1604 പേർക്ക് ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അമിതവേഗത, ഓവർടേക്ക്, അശ്രദ്ധമായി വാഹനമോടിക്കുക, സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക ഇവയും അപകടങ്ങളിലേക്ക് നയിക്കുന്നുണ്ട്. അപകടത്തിൽപ്പെടുന്ന വാഹനങ്ങളിൽ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണെന്നും റിപ്പോർട്ട് പറയുന്നു.

ചടങ്ങിൽ ജില്ലയിലെ 2019 മുതൽ 2022 വരെയുള്ള റോഡപകടങ്ങളെക്കുറിച്ചുള്ള ഒരു വിശകലനം, ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ 2021 മുതൽ 2031 വരെയുള്ള വർഷാടിസ്ഥാനത്തിലുള്ള ജനസംഖ്യ എന്നീ റിപ്പോർട്ടുകൾ പ്രകാശനം ചെയ്തു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന 2022-23 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സ്ഥിതിവിവരക്കണക്ക് സര്‍വ്വെയുടെ ഉദ്ഘാടനവും ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടന്ന സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി (തൃശൂർ റൂറൽ) ഐശ്വര്യ ഡോംഗ്റെ നിർവഹിച്ചു. അഡീഷണൽ ജില്ലാ ഓഫീസർ (എസ്. ആർ) മിനി ഒ കെ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്‍റ് ഡയറക്ടർ (അഗ്രി. സെൻസസ്) റോയ് തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സിനിയ കെ.കെ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എൻ.എസ്.ഒ. ഡോളി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ. ശ്രീധര വാര്യർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ദിദിക സി. എന്നിവർ സംസാരിച്ചു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version