കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് യമഗാമി തെത്സുയ എന്ന അക്രമി അദ്ദേഹത്തെ പുറകിൽ നിന്ന് വെടിവെച്ചത്. വെടിയേറ്റ ഉടനെ അബോധാവസ്ഥയിലായ ആബെയെ വ്യോമമാർഗം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. കൂടാതെ ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. എയർ ആംബുലസിൽ എത്തിക്കുമ്പോൾ തന്നെ ആബെയുടെ ശ്വാസം നിലച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്രമിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. അദ്ദേഹം 2020ലാണ് പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങിയത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു വെടിയേറ്റത്. ആബെ ആദ്യമായി ജപ്പാന്‍റെ പ്രധാനമന്ത്രിയാകുന്നത് 2006 ലാണ്. ശേഷം 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈ സമയങ്ങളിലെല്ലാം എൽഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്നു ആബെ. ആഗോളതലത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു. 2020ൽ ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുന്നതിന് മുൻപ് ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രാഷ്ട്രീയ നേതാവായിരുന്നു 67 കാരനായ ആബെ.