Malayalam news

ജോലി തട്ടിപ്പ്. വ്യാജ റിക്രൂട്ടിങ് കേന്ദ്രങ്ങൾക്കെതിരേ ജാഗ്രത പാലിക്കുക…

Published

on

ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാരെ കെണി വെച്ച് കാത്തിരിക്കുകയാണ് വ്യാജൻമാർ. ഏജൻറുമാർ പറയുന്ന വാക്കുകൾ വിശ്വസിച്ചും പരസ്യവാചകത്തിൽ പ്രതീക്ഷയർപ്പിച്ചും ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. പലരും ഇപ്പോഴും ഇത്തരം കെണികളിൽ വീണുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ അറിവില്ലായ്മയെയാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്.
അതുകൊണ്ട് വിദേശത്തായാലും, സ്വദേശത്തായാലും ജോലി അന്വേഷിക്കുമ്പോൾ ചില മുന്നറിയിപ്പുകൾ ഓർത്തിരിക്കുന്നത് നല്ലതാണ്. ജോലി ഓഫറുകളുമായി വരുന്ന ഇമെയിൽ വിലാസം വിശ്വസനീയമായതാണോ എന്ന് പരിശോധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്ത് വിവരങ്ങൾ നൽകുന്നത് അപകടകരമാണ്.ഡോകുമെന്റേഷൻ ഫീസ്, പ്രോസസിങ്ങ് ഫീസ്, വെരിഫിക്കേഷൻ ഫീസ്, ട്രെയിനിങ്ങ് ഫീസ്, വിമാന ടിക്കറ്റ്, സെക്യൂരിറ്റി ഫീസ് തുടങ്ങിയ ഇനങ്ങളിൽ തട്ടിപ്പുകാർ നിങ്ങളിൽ നിന്നും പണം ഈടാക്കിയേക്കാം. ജോലി വാഗ്ദാനം നൽകുന്ന മികച്ച സ്ഥാപനങ്ങളൊന്നും തന്നെ ഉദ്യോഗാർത്ഥികളിൽ നിന്നും അങ്ങോട്ട് പണം ഈടാക്കുകയില്ല. വിവിധ തരത്തിൽ വൻ തുകകൾ ആവശ്യപ്പെടുന്നവരുമായി ശ്രദ്ധയോടും സംശയത്തോടും കൂടി ഇടപെടുക.
നിങ്ങൾ അപേക്ഷിക്കാത്ത ജോലിക്ക് നിങ്ങളെ തിരഞ്ഞെടുത്തതായി ഓഫർ വരുന്നത്, സുതാര്യവും വിശ്വസനീയവുമല്ലാത്ത തിരഞ്ഞെടുപ്പ് പ്രക്രിയകൾ, നിങ്ങൾക്ക് അർഹതയില്ലാത്ത തസ്തികയിലേക്ക്, ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ വാഗ്ദാനം ചെയ്യുന്നവരേയും സൂക്ഷിക്കുക.
വീട്ടിലിരുന്ന് ജോലിചെയ്ത് സമ്പാദിക്കാം എന്ന തലക്കെട്ടിലുള്ള സോഷ്യൽ മീഡിയ പരസ്യങ്ങളിലും തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാകാം. നിങ്ങളെത്തേടിയെത്തുന്ന ടെലിഫോൺ കോൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ, ഇ-മെയിലുകൾ എന്നിവയോട് പ്രതികരിക്കുമ്പോൾ തീർച്ചയായും മുൻകരുതൽ എടുക്കുക. ജോലി വാഗ്ദാനത്തിലൂടെ ഇതിനോടകം നിരവധിപേർ സാമ്പത്തിക തട്ടിപ്പിന് ഇരയായി. വിദേശത്തായാലും സ്വദേശത്തായാലും സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രം യാത്രയാകുക.

Trending

Exit mobile version